തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ വൻ ട്വിസ്റ്റ്. കേസിൽ പ്രതിക്ക് അനുകൂല നിലപാടെടുത്ത സ്പെഷ്യൽ പ്രോസിക്യൂട്ടറെ സ്ഥാനത്തുനിന്ന് നീക്കി സർക്കാർ ഉത്തരവിറക്കി.
ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഗീനാകുമാരിയെയാണ് മുഖ്യമന്ത്രി വി.ഡി.സതീശൻ നീക്കിയത്. പകരം അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എ.ആർ. ഷാജിക്ക് താത്കാലിക ചുമതല നൽകി. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ സഹായിച്ചെന്ന ആരോപണത്തെ തുടർന്നാണ് ഈ അടിയന്തര ഇടപെടൽ.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് റിപ്പോർട്ടിന് വിരുദ്ധമായ നിലപാടാണ് കോടതിയിൽ പ്രോസിക്യൂഷൻ സ്വീകരിച്ചത്. ഇതോടെ പ്രതിക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഒരു ക്രിമിനൽ കേസിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് നിയമചരിത്രത്തിൽ അപൂർവമായ നടപടിയാണ്.
അതേസമയം കേസില്‍ എ.സന്തോഷ് കുമാറിനെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. 2011-15 കാലയളവിൽ ജില്ലാ ഗവ. പ്ലീഡർ ആയിരുന്നു സന്തോഷ് കുമാർ. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്നു സന്തോഷ് കുമാർ.